വയനാടന്‍

Friday, June 27, 2014

ജീവപര്യന്ത്യത്തിനു ശിക്ഷിക്കപെടുന്നവരെക്കുറിച്ച്

ഒരൊറ്റ മരണം കൊണ്ട്
ജീവപര്യന്തം ഒറ്റപെടലിനു
വിധിച്ചു പോകുന്ന ചിലരുണ്ട്.
ആള്‍ക്കൂട്ടങ്ങള്‍ കണ്ടംഡ് സെല്ലിന്‍റെ
അഴികളാണെന്നു പിന്നെയും പിന്നെയും
ഓര്‍മ്മപെടുത്തികൊണ്ടിരിക്കുന്നവര്‍ .ഇപ്പോള്‍ നിങ്ങളില്‍ ചിലരെങ്കിലും
ഓര്‍മ്മിച്ചെടുക്കുന്നത്
പിന്‍വാതിലിലൂടെ ഓടാന്‍ ശ്രെമിച്ച്
ഏഴു കുത്തുകളില്‍ കുരുങ്ങി പോയ
ഒരു നിഴലിനെക്കുറിച്ചും ,
കയ്യാമത്തിലൊതുങ്ങി ജീവപര്യന്ത്യം
തേടി പോയ ഒരു കത്തിയെക്കുറിച്ചുമായിരിക്കും.അല്ലെങ്കില്‍,
മകളെ സീരിയല്‍ കാണിക്കാന്‍ പോയ
ഒരച്ഛന്‍റെ ജീവപര്യന്തമായിരിക്കും.തെറ്റി,
തീര്‍ച്ചയായും നിങ്ങളില്‍ ചിലര്‍ക്ക് തെറ്റുപറ്റി.
നിയമത്തിന്‍റെ ജീവപര്യന്തത്തെക്കുറിച്ചല്ല ,
നിയമത്തില്‍ വിശ്വാസകുറവുണ്ടോ ?
എന്നുള്ള ചോദ്യം ഇപ്പോള്‍ ചോദിക്കരുത് .
പക്ഷെ പരോളുകള്‍ നിയമത്തിന്‍റെ
ഒരു നല്ല കണ്ടു പിടുത്തം തന്നെയാണ് .പനിച്ചു വിറക്കുമ്പോള്‍ നെറ്റിയില്‍
തൊട്ടു തലോടിയിരുന്ന
അമ്മ വിരലുകള്‍
ഒരു കൈ വീശല്‍ പോലുമില്ലാതെ,
വെന്ത ചോറ് വിളമ്പി തരാതെ
അലക്കിയ ഷര്‍ട്ട് തേച്ചു തരാതെ ,
ഫോണിലെ മിസ്ഡ്‌ കാളില്‍
അവളുടെ പേര് കാണുമ്പോള്‍
രണ്ടിനേം ഞാന്‍ ശെരിയാക്കുമെന്ന് പറയാതെ
ഒന്നുമൊന്നും
പറയാതെ ,
ചെയ്യാതെ ,
നിശ്ചലമാവുമ്പോള്‍ മാത്രം
പരോളുകള്‍ ഇല്ലാതെ
ജീവപര്യന്തം തടവിലാക്കപെടുന്നവരെക്കുറിച്ചാണ്...അടഞ്ഞ വാതിലിലിലേക്ക്
കയറി ചെല്ലുമ്പോള്‍
എന്ത് വിളിക്കണമെന്നറിയാതെ
വിങ്ങി പൊട്ടുമ്പോള്‍
എന്ത് വിളി കേള്‍ക്കുമെന്നൊരു വീട്
അലറി പിടയുമ്പോള്‍
ജീവപര്യന്തം തടവിലായി പോകുന്ന
പരോളുകളില്ലാത്തവരെക്കുറിച്ചാണ്......അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഒറ്റവാക്കില്‍
ഇങ്ങിനെ വായിക്കാം ,
"അമ്മയില്ലാത്തവരെക്കുറിച്ച് ".

No comments:

Post a Comment