വയനാടന്‍

Thursday, July 24, 2014

കുന്നുകളിടിക്കുമ്പോള്‍

ചാരി വെക്കപെട്ട നിലയില്‍ കണ്ടെത്തിയ
സ്വന്തം ശരീരത്തിലൂടെ
കണ്ണുകള്‍ നടക്കാന്‍ പോകുന്നു.
വാടിയ പൂക്കള്‍ കൊണ്ട്
വസന്തം നട്ടുവെക്കുന്ന
പൂന്തോട്ടത്തിലൂടെ കടന്നുപോകുമ്പോള്‍
മുയലുകള്‍ ഓടിക്കളിച്ച വഴികള്‍


മാഞ്ഞു തുടങ്ങിയിരുന്നു.
വിണ്ടു കീറാന്‍ തുടങ്ങുന്നൊരരുവിക്ക്
ഇപ്പോഴും ദാഹമുണ്ടെന്ന്‍ ...........


ലേക്ക് ഷോറിന്‍റെ നാലാം നിലയിലെ
നൂറ്റി പതിനാലാം മുറിയിലേക്ക് .
ഓര്‍മ്മയില്‍ നിന്നും
കടന്നു വന്നൊരു കാറ്റ്
ചാരി വെച്ചിരുന്ന ശരീരത്തിനെ
വടക്കേലെ തങ്ക ചേച്ചിയുടെ
പറമ്പില്‍ കെട്ടിയിട്ടിരിക്കുന്ന
അമ്മുവെന്ന ആടിനടുത്തേക്ക്
കടത്തി കൊണ്ട് പോകുന്നു.


അമ്മുവില്‍ നിന്ന് അമ്മയിലേക്ക്
ചോര്‍ന്നൊലിക്കുന്ന ജൂണുമായി പായുമ്പോള്‍
പേടിപ്പിക്കുന്നൊരു ചോദ്യം
തുടയിടുക്കിലൊട്ടുന്നുണ്ടായിരുന്നു.


ഋതുക്കളിലെ വസന്തത്തെ കണ്ടുമുട്ടിയപ്പോള്‍
മുളപൊട്ടലുകളെ ,കുളിമുറികളില്‍ വെച്ച്
ആശ്ചര്യവും നാണവും ചേര്‍ന്ന്
താലോലിക്കുമായിരുന്നു.


കാലത്തിന്‍റെ പണിപുരയില്‍
കാത്തു നില്‍ക്കേ ,
എതിരെ പാഞ്ഞുപോയ കണ്ണുകളെല്ലാം
തട്ടിതടയുമ്പോള്‍
മുലകള്‍
യൌവ്വനം സൗന്ദര്യത്തില്‍ പണികഴിപ്പിച്ച
പിരമിഡുകളായിരുന്നു .


ആദിരാത്രിയുടെ കൂട്ടിയിടികളില്‍
ഉയര്‍ന്നുയര്‍ന്നു പോയ മുലകള്‍
പിന്നീട് കീഴടങ്ങിയത്
ചോര വാറ്റി പാലാക്കുന്ന
അമ്മിഞ്ഞകളായി പരിഭാഷപെടുമ്പോഴാണ്.


അമ്പലകുന്നിന്‍റെ തെക്കേ വശം
ഇടിച്ചു തുടങ്ങിയതിന്‍റെ ആറാം നാള്‍
മാമ്മോഗ്രാം റിപ്പോര്‍ട്ടില്‍
അമ്മിഞ്ഞ വെറും കുന്നുകളാണെന്ന്
കണ്ടെത്തെലുകളുണ്ടാവുന്നു.


കുന്നുകള്‍ അമ്മിഞ്ഞയായാലും
അമ്പലത്തിന്‍റെയായാലും
വികസന വിരോധികളാണെന്ന്
ഇടയലേഖനം വെളിപ്പെടുത്തിയിട്ടുള്ളതിന്‍ പ്രകാരം
ലേക്ക്‌ഷോര്‍ ആശുപത്രിയുടെ
അത്യാധുനിക കുന്നിടിക്കല്‍ യന്ത്രങ്ങള്‍
അവളുടെ കുന്നിനെ ഇടിച്ചെടുക്കുന്നു.
ഒരമ്മ ആര്‍ത്തലച്ചു കരയുമ്പോള്‍
അവസാനമായമ്മിഞ്ഞ ചുരത്തുന്നു
ചുറ്റിലും പ്രസവിക്കാത്ത നഴ്സുമാര്‍
നാണം പൊത്തി പിടിക്കുന്നു .


കാറ്റില്‍ നിന്ന്
കയറി ചെല്ലുമ്പോള്‍
ഉന്തി നിന്നൊരു കുന്ന്
പതിയെ പതിയെ ഇടിഞ്ഞു പോയൊരു പാടില്‍
കണ്ണുകള്‍ ഒരു പുഴയാകുന്നു
തടവി വീഴുന്നൊരു കയ്യിനെ
നിശ്വാസ കാറ്റുപോലും
പൊള്ളിക്കുന്നു .

No comments:

Post a Comment