വയനാടന്‍

Tuesday, July 29, 2014

പ്രണയത്തിന്‍റെ പത്താം കാലത്ത്

പുരാതന കാലത്ത്‌ എന്ന് പറഞ്ഞാല്‍

രാമനും സീതയും ഉദ്യാനപാലകന്‍

രാവണന്‍റെ മാനിനെ കെണി വെക്കുന്ന

കാലത്തിനു തൊട്ടു ശേഷവും

കൃഷ്ണനും പെണ്ണുങ്ങളും

വയലില്‍ ഞാറു നട്ട കാലത്തിനൊപ്പവുമാണ്

നാം പ്രണയത്തിന്‍റെ ഒമ്പതാം രൂപം സ്വീകരിക്കുന്നത്‌ .





അന്ന് മദ്രസ്സകളോ ,വേദപാഠ ക്ലാസ്സുകളോ

ആല്‍മര ചോട്ടില്‍ ഹിന്ദുക്കളോ

ഉണ്ടായിരുന്നില്ല.






എന്‍റെ അച്ഛന്‍ ചെരുപ്പ് തുന്നുന്നവനും

നിന്‍റെ അച്ഛന്‍ കരം പിരിക്കുന്നവനുമായിരുന്നു.

നിന്‍റെ അച്ഛനു എന്‍റെ അമ്മയെ

കിടക്ക വിരിയിലെ പൂക്കളിറുക്കാന്‍

എപ്പോള്‍ വേണമെങ്കിലും

വിളിക്കാന്‍ അവകാശമുള്ളപ്പോള്‍

എന്‍റെ അച്ഛന്‍ എച്ചിലില്‍ ഉപ്പ് കൂട്ടി കഴിക്കുമായിരുന്നു.






രാജ്യമെന്നത് നാലായി കീറിയ ജനമാണെന്ന്

നീയോ ഞാനോ തിരിച്ചറിയുന്നതേയില്ല

പെരുവിരലില്ലാത്ത ഒരു മാവോയിസ്റ്റിനെ കണ്ടതായോ

ചെവിയും മാറും അരിയപെട്ട ദളിതനെ കണ്ടതായോ

ഒരു ചാനലും അന്ന് ഫ്ലാഷ് ന്യൂസ് ചെയ്തിരുന്നില്ല.







കാളിന്ദി പുഴയില്‍ വിഷം കലക്കിയത്

ആരാണെന്നറിയാമെന്നു പറഞ്ഞ

ആദിവാസിയുടെ ജഡം

മയില്‍ പീലി കണ്ണില്‍ തറച്ച നിലയില്‍

രണ്ടാം നാള്‍ കണ്ടെത്തപ്പെടുന്നു.






എന്‍റെ അമ്മ നിങ്ങളുടെ അടുക്കള തോട്ടത്തില്‍

കണ്ണുകളിലും ചുണ്ടുകളിലും

ഈച്ചകളെ ചേര്‍ത്തുറങ്ങുന്നുണ്ടായിരുന്നു.

അരികിലുണ്ടായിരുന്ന നിന്‍റെ അച്ഛന്‍റെ

ഒരു കൊഴുത്ത തുപ്പല്‍

ഉറുമ്പുകള്‍ ചുമന്നു കൊണ്ടുപോകുന്നതു കണ്ട

എന്‍റെ അച്ഛന്‍ അന്ന് കണ്ണീനീര്‍ തുള്ളികളെ

വെളുക്കന്ന വരെ തുന്നി തുന്നി

ഉത്തരത്തില്‍ കൊരുത്ത് വെച്ചു .






തെളിയാത്ത കാടുകളില്‍ ,

കോരിയെടുക്കപ്പെടാത്ത പുഴകളില്‍

നാം പ്രണയത്തെ കൂട്ടി കൊണ്ട് പോയി

ഞാന്‍ ചെരുപ്പുകുത്തിയുടെ മകനും

നീ കരം പിരിവുകാരന്‍റെ മകളുമായിരുന്നു.

പക്ഷെ നാം ചുംബിക്കുമ്പോഴൊന്നും

പ്രണയമല്ലാതെ മറ്റൊന്നും പൂത്തിരുന്നില്ല .






ഇടവപാതിയിലൊരു വഴയില കൂരയില്‍

നാം പിടിക്കപെടുന്നു .

സമൂഹമെന്നത് നാലായി കീറിയതാണെന്ന്

ഒരു കാര്‍വര്‍ണ്ണന്‍ ചിരിച്ചുറപ്പിക്കുമ്പോള്‍

ഞാന്‍ നാല്‍കവലയിലേക്ക് ചുമക്കപെടുന്ന

തോലുരിക്കപെട്ട ഒരു പന്നിയാകുന്നു .

ഓട്ട വീണ ഒരു മണ്‍കലമാണ് നീയപ്പോള്‍.






പ്രണയത്തിന്‍റെ പത്താമത്തെ

തുടര്‍ച്ചായില്‍ നാം രണ്ടു മീനുകളാണ്.





കടവുകടന്ന്‍ പോയിട്ടും ബാക്കിയായ പുഴകളില്‍

ഫാക്ടറികള്‍ ചൂണ്ടയിട്ടു ചത്ത മീനുകളെ പിടിക്കുന്നു.

തിരക്കിന്‍റെ തെരുവുകളിലേക്ക് എറിയപെടുന്ന

ഉറകളില്‍ പ്രണയം ഒച്ചയില്ലാതെ കരയുന്നു .

കുരുന്നുകള്‍ ചിതറി തെറിക്കുന്ന

യുദ്ധങ്ങളില്‍ ദൈവങ്ങളുടെ

വലിയ ഫ്ലെക്സ്‌ ബോര്‍ഡുകള്‍ സ്ഥാപിക്കപെടുന്നു.

അമ്യൂസ്മെന്‍റ് പാര്‍ക്കുകളില്‍ ദളിത് മുലകള്‍

ചിരികള്‍ സമ്മാനിക്കുന്നു .






ഇപ്പോള്‍

മദ്രസ്സകളുണ്ട് ,വേദപാഠ ക്ലാസ്സുകളുണ്ട്

ആല്‍മര ചുവടുകളില്ലെല്ലാം ഹിന്ദുവുണ്ട്

ആണിയടിക്കപെട്ട നിലയില്‍ കണ്ടെത്തിയ ഒരാളുടെ മുന്നില്‍

പോത്തിറച്ചിയും ബക്കാര്‍ഡി റമ്മും

ശിഷ്യന്മാര്‍ വീതം വെക്കാറുണ്ട്

കണ്ണ് കുത്തി പൊട്ടിക്കുന്ന ഫതവകളുണ്ട്

ചിലപ്പോള്‍ ചിതലരിക്കപെട്ട നിലയില്‍

ഏതെങ്കിലും ആര്‍ക്കിയോളജിക്കാരന്‍

മനുഷ്യരെ കണ്ടെത്തിയെന്നു വരാം.






എന്തെന്നാല്‍ നാമിതൊന്നും ശ്രെദ്ധിക്കുന്നില്ല

പ്രവചിക്കപെട്ട പ്രളയകാലത്തിലേക്ക് നീന്തുന്ന

പ്രണയിക്കുന്ന രണ്ടു മീനുകള്‍ മാത്രമാണ് നാം

No comments:

Post a Comment