വയനാടന്‍

Wednesday, April 11, 2012

അച്ഛന്‍


അച്ഛന്‍ നാലുകാലില്ലാത്ത ഒരു കാള!
നടക്കുമ്പോള്‍ മണികിലുക്കങ്ങളും,
മുക്രകളും ഇല്ലാത്ത
വാരിയെല്ലുന്തിയ ചാവാലി കാള

പ്രായത്തിന്റെ തളര്‍ച്ചകളില്‍
നിക്കോട്ടിന്റെ രാസ ദോഷങ്ങളറിയാതെ
കിതുപ്പുകളെ പുകയാക്കി മാറ്റാറുണ്ടച്ഛന്‍ .
ഇടയ്ക്ക് നെഞ്ചു പിളര്‍ത്തി ചുമയ്ക്കുമ്പോള്‍
മുതുകില്‍ തടവുന്നമ്മയെ വിലക്കി പറയും
"തളര്‍ത്താതെ നിന്റെ കൈകള്‍ "

ഒന്നിനും കൊള്ളാതെ ഭിത്തിയില്‍ ചാരി
തളരുമ്പോള്‍; അമ്മ കണ്ണ് നിറച്ചറിയാതെ
ചോദിക്കും ,കാണുന്നില്ലേ നീയീ  അച്ഛനെ ?
കാളയെ പോലെ വലിച്ചു തളര്‍ന്നൊരച്ഛനെ.

ക്ഷീണിച്ച മുഖത്തില്‍ പ്രതീക്ഷ
തെളിച്ചച്ഛന്‍ പറഞ്ഞിടും
അവനൊരാണല്ലേ അവനൊരു കര-
നേടട്ടെ ,ശേഷമെന്‍ ജീവിതമൊരു
നാലുകാല്‍ കസേരിയിലിരുപ്പല്ലേ;

പറഞ്ഞിരിക്കുമ്പോളെ പെയ്യുന്നൊരുമഴ
തലയിലാ കരിമ്പന്‍ തോര്‍ത്ത്‌ മുറുക്കി
തൊടിയിലേക്കോടുന്നുവച്ഛന്‍ ...
ഇന്റര്‍വ്യൂ  കാര്‍ഡ്‌ ബാഗിലടുക്കി
എന്റെ കര തിരഞ്ഞു ഞാനും

No comments:

Post a Comment