വയനാടന്‍

Friday, January 31, 2014

ഉഷ്ണ കാടുകളിലെ ചില മുറികൾ

എം ജി റോഡിൽ നിന്ന് വൈറ്റിലക്ക്
വെറുതെ യാത്ര ചെയ്യുമ്പോൾ
പനമ്പള്ളി നഗറിൽ വെച്ച്
സ്കൈ ലൈൻ നട്ടുവളർത്തിയ
ഉഷ്ണകാടിനെ നിങ്ങൾ കണ്ടു മുട്ടുന്നു .
നെടുവീർപ്പുകളുടെ
ബിഗ്‌ ബാംഗ് തിയറി ഒളിപ്പിക്കപ്പെട്ട ചുമരുകളിൽ
മഞ്ഞ ,വെള്ള നിറങ്ങൾ
അള്ളി പിടിക്കുന്നത്‌ കാണുമ്പോള്‍
നിങ്ങള്‍ കൊതിച്ചു പോകുന്നുണ്ട്ഭാര്യയുടെ ലിപ്സ്റ്റിക്ക് ,
കപ്പുള്ള ബ്രാ
കുട്ടികളുടെ ട്യൂഷൻ
ഹോം ലോണ്‍
എന്നിവയാലോചിച്ചു
ഒരു മുറിയുടെ
ടോയിലെറ്റിൽ സിഗെരെറ്റ്
അങ്ങിനെ നീറി പുകയുമ്പോൾ
റിമി ടോമിയുടെ സാരിയെ കുറിച്ചോർത്ത്
മുഖം കറുപ്പിക്കുന്നുണ്ടടുക്കള.മംഗളം വീക്കിലി മടുത്ത്
കവിത എഴുതി തുടങ്ങിയ ഒരു മുറി
ചാറ്റ് വിൻഡോയിൽ
കവിയുടെ സദാചാരം
വെണ്ണ പോലാണെന്ന്
കണ്ടെത്തുകയും
അലിയുന്നതിന്‍റെ
സമയ ദൈർഘ്യം
രാത്രിയില്‍ അലഞ്ഞു
തളര്‍ന്നു വരുന്നൊരു കാറ്റിനോട്
താരതമ്യപ്പെടുത്തുകയും ചെയ്യുന്നു .പിന്നീടെപ്പോഴെങ്കിലും ,
നാമൊരു മേഘവും കാറ്റുമാവുമെന്നും
ഏതോ ഒരു ഗ്രഹത്തിന്‍റെ
നീലിമയിൽ ,
ഒന്നിക്കുമെന്നും ,
അപ്പോള്‍ മഴ പൂവുകള്‍
പെറ്റു പെരുകുമെന്നും
കാടുകൾ പക്ഷികളെ
ഇണ ചേർക്കുമെന്നും
പ്രണയിക്കുന്ന ഒരു മുറി
പുസ്തകത്തില്‍ തല വെച്ച്
മറ്റൊരു മുറിയോടു രെഹസ്യമായി
വാട്ട്സ്‌ അപ്പിലൂടെ മെസേജ് അയക്കുന്നുണ്ട് .സ്കൈപ്പില്‍ കളിച്ചു തിമിര്‍ക്കുന്ന മക്കളെ,
ചുമരില്‍ ചാരി തളര്‍ന്നു കൊഞ്ചിക്കുന്നുണ്ട്
ഒരു മുറി !പക്ഷെ ഇപ്പോഴും വൈറ്റിലക്ക് പോകുമ്പോൾ
പനമ്പള്ളി നഗറിൽ വെച്ച്
തല പുറത്തിടരുത് എന്ന നിയമം നിങ്ങൾ
ഡ്രൈവർ അറിയാതെ തെറ്റിക്കുകയും
മഞ്ഞയും ,വെള്ളയും നിറങ്ങളിൽ
ഭ്രമിക്കുകയും ചെയ്യുന്നു .

No comments:

Post a Comment